Sunday, 17 May 2015

ഫേയ്സ് ബുക്കിലെ സാഹിത്യ കുതൂഹികളുടെ കൂട്ടായ്മയായ എന്റെ എഴുത്തുപുര വിഷുവിനോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ
ഒന്നാം സമ്മാനാർഹമായ കവിതയാണ് കണി കാണും നേരം.

കണിക്കൊന്നയുടെ ആത്മനൊമ്പരങ്ങളും, മൂകവിലാപങ്ങളും, ധർമ്മരോഷവും, വിഹ്വലതകളും ഒക്കെയാണ്  ആവിഷ്ക്കരിക്കാൻ  ശ്രമിച്ചത്. പൊൻ  തിളക്കമുള്ള  അലുക്കുകളായി  പൂങ്കുലകൾ  തൂങ്ങിയാടുന്ന കണിക്കൊന്ന ഇപ്പോൾ കാലം തെറ്റി, വളരെ മുമ്പേതന്നെ പൂത്തുലയുന്നു.
 വിഷുക്കണിയിൽ  സമ്പൽസമൃദ്ധിയുടെ നിറച്ചാർത്തായി ശോഭിക്കേണ്ട  ഒരേയൊരു പുഷ്പം.   പക്ഷേ , ഇന്ന്, വിഷുദിനത്തിനു മുമ്പേ  ഇലയും പൂവ്വും കൊഴിഞ്ഞ്  ഉണക്കം ബാധിച്ച ചില്ലകളു മായി   നിൽക്കുന്ന  ഒരു പേക്കോലമായി കണിക്കൊന്ന മരം നിൽക്കുന്ന കാഴ്ച്ചകൾ മനസ്സിൽ  ഒരു നീറ്റലായ് പടരുന്നു. ഇനി  വിരളമായി ഏതെങ്കിലും  കൊന്നയിൽ പൂങ്കുലകളുണ്ടെങ്കിൽ തന്നെ,വിഷുത്തലേന്ന് അവയെല്ലാം പറിച്ചെടുത്തി
രിക്കും കണിയൊരുക്കാൻ.വിഷു ആഘോഷത്തിൽ  പ്രധാന പങ്കാളിയാകേണ്ട  കൊന്ന  മാത്രം വിവാഹ നാളിൽ  തന്നെ വിധവയായ  നവവധു
വേപ്പോലെ   വേഷഭൂഷകൾ അഴിച്ച്, വാടി തളർന്ന് വിവശയായി....
ആ കാഴ്ച്ചയിലെ വിഷാദമാണ് ഈ രചനക്കാധാരം.

ഇതേ വിഷയത്തെ ആധാരമാകി മറ്റൊരു കവിത വിഷുക്കണി എന്ന പേരിൽ എഴുതിയതും ഇവിടെ പ്രകാശിപ്പിച്ചിട്ടുണ്ട്.


കണി കാണുന്നേരം

കൊന്നതാണെന്നെ നിങ്ങൾ ... താരും തളിരും 
കൊഴിഞ്ഞസ്ഥികൂടമായ് നിന്നു കേഴുന്നൂ കണിക്കൊന്ന.
കൊന്നതാണെന്നെപ്രകൃതി നീതിക്കു നിരക്കാത്ത
ചെയ്തികൾ തുടർന്നുകൊണ്ടിഞ്ചിഞ്ചായ് മാനവന്മാർ
നദിയിലെ മണലൂറ്റികാട്ടിലെ തടി വെട്ടി
പാറയിൽ മട വെട്ടികുന്നുകൾ നിരപ്പാക്കി
ഭൂമിയാമെന്നമ്മയെ ക്രൂരമായ് പീഡിപ്പിച്ചു
കാലചക്രഭ്രമണ ശ്രുതിതാളങ്ങൾ മാറ്റി.

കാലയാനത്തിൻ ദിശാഭ്രംശവുംസൂര്യതാപ
കോപവുംഅതിവർഷക്കെടുതിയും വിഷുഫലം 
സർവ്വംസഹയാം ഭൂമി  മാനവർക്കിഷ്ടദാനമല്ലതു
സർവ്വ ചരാചരങ്ങൾക്കുമാവാസം

മനുഷ്യാമേടമാസ വിഷു സംക്രമനാളിൽ
നിനക്കു കണിയായുംകൈനീട്ടമായും സ്വന്തം
സ്വർണ്ണപൂങ്കുലകളെ പറിച്ചു  തന്നില്ലേ ഞാൻ
കവചകുണ്ഡലങ്ങളെ, കർണ്ണനെന്നതു പോലെ.
എന്നിട്ടും നിനക്കിത്ര ധാർഷ്ട്യമേറുവാനെന്തേ
മറന്നോ മണ്ണും വിണ്ണുമായ് നിനക്കുള്ള ബന്ധം?”

അടുത്ത വർഷം യഥാകാലം ഞാൻ പൂക്കാനായി
ഒരിറ്റുകാരുണ്യമീ പ്രകൃതിക്കേകൂ നിങ്ങൾ
ഇല്ലെങ്കിലിനി കണ്ണൻ, കർണ്ണികാരത്തെ മാറ്റി
ശീമക്കൊന്നപ്പൂക്കളാൽ കാണേണം വിഷുക്കണി!

മേടസംക്രമ മുഹൂർത്തത്തിനെത്രയോ മുമ്പേ
തിളങ്ങും ഹിരണ്മയസൂനഭൂഷകൾ ചാർത്തി
വധുവിൻ മുഗ്ദ്ധഭാവമണിയിച്ചൊരുക്കിയ
പ്രകൃതിവിസ്മരിച്ചെന്നോ കൊന്നയിൻ ജന്മോദ്ദേശം?

ഇലയും പൂവ്വും കൊഴിഞ്ഞഭിശപ്തയായ് നിൽപ്പൂ
ഗതകാല ഭാഗ്യത്തിൻ സ്മൃതിയിൽ കണിക്കൊന്ന
ഉണക്കം ബാധിച്ചൊരാ ചില്ലകളെല്ലാം തന്നെ
വിരൽ ചൂണ്ടുന്നൂ മർത്ത്യ കൗടില്യത്തിനു നേരേ.
കവരങ്ങളിലൊന്നിൽ വിഷുസംക്രമപ്പക്ഷി
ഇണയറ്റിരിക്കുന്നു  മൂകവിഷാദം പോലെ.