വിരഹം
കാലം വിറങ്ങലിച്ചുനിന്ന ആ കടലോരഗേഹത്തിലെ ഇടനാഴിയിൽ
ദുഖം ഘനീഭവിച്ച മത്സ്യകന്യകയെപ്പോലെ അവൾ.. കൂടെ അവനും.
ദീപ്തമെങ്കിലും, നിറകണ്ണുകൾ തപ്ത പ്രവാഹമായ് പൂങ്കവിളിലൂടെ
തുളുമ്പി ഒഴുകാതിരിക്കാൻ അവൾ തുടുത്ത കീഴധരം അമർത്തി
കടിച്ചു.
ഹൃദയത്തുടിപ്പുകളുടെ പെരുമ്പറ മുഴക്കവും, പ്രകമ്പിത ഗാത്രത്തിലെ
ഊർജ്ജശോഷണവും സ്വയം നിയന്ത്രിക്കാനാവാതെ അവൾ ഉഴറി.
കടൽത്തീരത്തെ ശബ്ദവീചികളും പേറി വന്ന കുളിർ കാറ്റ് അവളുടെ
അളകങ്ങളിൽ കുസൃതി കാട്ടുമ്പോഴും, മാടിയൊതുക്കാനാവാതെ അവൾ.
അവൻ യാത്ര പറയാൻ വന്നതാണ്. കനത്ത മൗനം വാചാലമായ നിമിഷങ്ങൾ..
ഒരു വീനസ് ശിൽപ്പം പോലെ അവൾ. അവരുടെ സൗഹൃദം പോലെ നീലാകാശം ഉയർന്നും താഴ്ന്നും മോഹിപ്പിക്കുന്ന അവളുടെ നിറമാറിടം തിരയടങ്ങാക്കടൽ
ഒളി മങ്ങാത്ത ഓർമ്മകൾ മാത്രം ബാക്കിയാക്കി ഒരു തീവ്രപ്രണയം...
അവളെ ഗാഢം പുണർന്നു നെഞ്ചോടു ചേർക്കാൻ, വിതുമ്പുന്ന ചുണ്ടുകളിൽ
അമർത്തി ചുംബിക്കാൻ,ചെവിയിൽ സ്നേഹ മന്ത്രമോതാൻ അവനാശിച്ചു.
വിഷാദഛവിയാർന്ന മന്ദസ്മിതം വിടർന്നു പൊലിഞ്ഞൊരു നിമിഷാർദ്ധം
പക്ഷെ, വലംകയ്യാൽ കവിളിലൊന്നു തലോടാൻ മാത്രമെ അവനു കഴിഞ്ഞുള്ളു.
മറുകയ്യാൽ അവളുടെ കരം ഗ്രഹിച്ചു നിർന്നിമേഷം നോക്കി നിൽക്കുമ്പോഴും
ഇനിയൊരു നേർക്കാഴ്ച്ച വിടരാത്ത സ്വപ്നസൂനമെന്നവരറിഞ്ഞില്ല.
==============================