കർക്കിടസ്മരണകൾ .
കണ്ണിൽ തറക്കുന്ന കൂരിരുട്ടിൽ പെയ്തിറങ്ങുന്ന പേമാരിഘോഷം...
അസ്ഥി തണുപ്പിച്ചുറഞ്ഞു തുള്ളീടുന്ന കാറ്റിന്റെ ഹുങ്കാരഘർഷം...
വ്യാളീമുഖത്തുനിന്നുദ്ഗമിക്കുന്നതീനാളങ്ങൾപോൽ കൊള്ളിയാനും
ആകാശമൊന്നായിടിഞ്ഞു വീഴും പോൽ നടുക്കുന്ന മേഘനിർഘോഷം
മാക്കാച്ചിവൃന്ദത്തിനാക്ക്രോശവും, കർണ്ണവേധ്യംചിവീടിന്നഭംഗുരമാരവം
`കൊത്തിച്ചുടു`കെന്നു കേഴുന്ന രാപ്പക്ഷി, നായ്ക്കളിന്നോരിയിൽ
കാലന്റെയാഗമം,തൊടിയിലെന്തൊക്കെയോ വീഴുന്ന ശബ്ദവും
കേട്ടിട്ടുറക്കം വരാതെമറ്റമ്മയോടൊട്ടിക്കിടന്ന രജനികൾ മാഞ്ഞു പോയ്.
കർക്കട സംക്രാന്തിയന്തിക്കു മുത്തശ്ശി പൊട്ടക്കലത്തിലെൻ
തറവാട്ടുവീടിന്റെയഷ്ടകോണും തൂത്തു വാരിയ മാലിന്യമൊക്കെ നിക്ഷേപിച്ചതിന്മീതെയോരിലച്ചീന്തിൽ വെളിച്ചെണ്ണ താളിച്ചു
മഞ്ഞളുമുപ്പും കുഴച്ചു പുരട്ടിയുരുട്ടിയ ചോറുരുളക്കു മേൽ
പൊട്ടിയും ചീറ്റിയുമേറെ പിറുപിറുക്കുന്നപോലാളുന്നൊരൊറ്റ കരിന്തിരി വെട്ടത്തിൽ വീടിന്നു മൂന്നു വലംവച്ചു കുട്ടികൾക്കൊപ്പം ദിഗന്തങ്ങൾ ഞെട്ടുമാറുച്ചത്തിൽ വായ്ത്താരിയിട്ടാർത്തലക്കുന്നു
`ചേട്ടേം മക്കളും പോ പോ ....ശീപോതീം മക്കളും വാ വാ....`
ഭൂതത്തെയാരോ കുടത്തിലടച്ചപോൽ തറവാടിനൂനം വരുത്തുന്ന ചേട്ടയെ പൊട്ടക്കലത്തിലാവാഹിച്ചു ദൂരത്തു കാട്ടിലോ, തോട്ടിലോ നട തള്ളിടുമ്പൊഴാ പൊട്ടക്കലത്തിനെ കല്ലെറിഞ്ഞും വേലിപ്പത്തലാൽ നിർദ്ദയം തല്ലിത്തകർത്തും മദിക്കുന്നൊരെൻബാല്യമെന്നിനി കാണുവാൻ?
സന്ധ്യക്കു നിലവിളക്കിൻ സ്വർണ്ണദീപ്തിയിലുമ്മറക്കോലായിലെല്ലാവരും
ചേർന്നു ചേട്ടകൾ പോയിട്ടു ശീപോതി വന്ന സന്തോഷത്തിലുച്ചത്തിൽ
രാമസങ്കീർത്തനംപാടവെ... ദൂരത്തു തോട്ടിറമ്പിൽ രോദനങ്ങൾ, മുരൾച്ചകൾ ആക്രോശമോരിയിട്ടോടുന്ന ശബ്ദപ്പെരുമയിലാരോ തെളിയിച്ച ഞെക്കുവിളക്കിൻ പ്രകാശത്തിലങ്ങിങ്ങു രൗദ്രം തിളക്കുന്ന കണ്ണുകൾ...
മാടനോ, മറുതയോ, കാളിയോ, കൂളിയൊ, രക്തമൂറ്റിക്കുടിക്കുന്ന
ചാമുണ്ഠിയോ, നിഷ്ക്കാസനം ചെയ്ത ദേഷ്യം പ്രതികാരജ്വാലയാക്കി കൊല്ലുവാനാഞ്ഞ ചേട്ടയോ...പെയ്തിറങ്ങും മഹാമാരിയെക്കൂസാതെ അഗ്നിസ്ഫുലിംഗങ്ങൾ നാലു പാടും മിന്നാമിന്നിയായ് വാരിയെറിയുന്ന
പ്രേ തപ്പിശാശുക്കളെന്നിലെ ധൈര്യമൂറ്റിക്കുടിക്കുമ്പ ഴെന്നമ്മയോടൊട്ടി -നിന്നർജുനപ്പത്തു ജപിച്ചു കരച്ചിലടക്കിപ്പിടിച്ചുകൊണ്ടേവം
പുതപ്പിന്നടിയിലൊളിക്കുന്നൊരെൻ ബാല്യമെന്നോ കൊഴിഞ്ഞുപോ യ്
കർക്കടം ദുർഘടം,പഞ്ഞമാസം,കള്ളക്കർക്കടമെന്നുള്ള ദുഷ്പ്പേരുകൾ മാറ്റി
ദിവ്യമാം രാമായണമാസമെന്നുള്ള പുണ്യനാമത്തിലുണർന്നു വിരാജിപ്പൂ.
========================
No comments:
Post a Comment