Sunday, 17 May 2015

ഫേയ്സ് ബുക്കിലെ സാഹിത്യ കുതൂഹികളുടെ കൂട്ടായ്മയായ എന്റെ എഴുത്തുപുര വിഷുവിനോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ
ഒന്നാം സമ്മാനാർഹമായ കവിതയാണ് കണി കാണും നേരം.

കണിക്കൊന്നയുടെ ആത്മനൊമ്പരങ്ങളും, മൂകവിലാപങ്ങളും, ധർമ്മരോഷവും, വിഹ്വലതകളും ഒക്കെയാണ്  ആവിഷ്ക്കരിക്കാൻ  ശ്രമിച്ചത്. പൊൻ  തിളക്കമുള്ള  അലുക്കുകളായി  പൂങ്കുലകൾ  തൂങ്ങിയാടുന്ന കണിക്കൊന്ന ഇപ്പോൾ കാലം തെറ്റി, വളരെ മുമ്പേതന്നെ പൂത്തുലയുന്നു.
 വിഷുക്കണിയിൽ  സമ്പൽസമൃദ്ധിയുടെ നിറച്ചാർത്തായി ശോഭിക്കേണ്ട  ഒരേയൊരു പുഷ്പം.   പക്ഷേ , ഇന്ന്, വിഷുദിനത്തിനു മുമ്പേ  ഇലയും പൂവ്വും കൊഴിഞ്ഞ്  ഉണക്കം ബാധിച്ച ചില്ലകളു മായി   നിൽക്കുന്ന  ഒരു പേക്കോലമായി കണിക്കൊന്ന മരം നിൽക്കുന്ന കാഴ്ച്ചകൾ മനസ്സിൽ  ഒരു നീറ്റലായ് പടരുന്നു. ഇനി  വിരളമായി ഏതെങ്കിലും  കൊന്നയിൽ പൂങ്കുലകളുണ്ടെങ്കിൽ തന്നെ,വിഷുത്തലേന്ന് അവയെല്ലാം പറിച്ചെടുത്തി
രിക്കും കണിയൊരുക്കാൻ.വിഷു ആഘോഷത്തിൽ  പ്രധാന പങ്കാളിയാകേണ്ട  കൊന്ന  മാത്രം വിവാഹ നാളിൽ  തന്നെ വിധവയായ  നവവധു
വേപ്പോലെ   വേഷഭൂഷകൾ അഴിച്ച്, വാടി തളർന്ന് വിവശയായി....
ആ കാഴ്ച്ചയിലെ വിഷാദമാണ് ഈ രചനക്കാധാരം.

ഇതേ വിഷയത്തെ ആധാരമാകി മറ്റൊരു കവിത വിഷുക്കണി എന്ന പേരിൽ എഴുതിയതും ഇവിടെ പ്രകാശിപ്പിച്ചിട്ടുണ്ട്.


കണി കാണുന്നേരം

കൊന്നതാണെന്നെ നിങ്ങൾ ... താരും തളിരും 
കൊഴിഞ്ഞസ്ഥികൂടമായ് നിന്നു കേഴുന്നൂ കണിക്കൊന്ന.
കൊന്നതാണെന്നെപ്രകൃതി നീതിക്കു നിരക്കാത്ത
ചെയ്തികൾ തുടർന്നുകൊണ്ടിഞ്ചിഞ്ചായ് മാനവന്മാർ
നദിയിലെ മണലൂറ്റികാട്ടിലെ തടി വെട്ടി
പാറയിൽ മട വെട്ടികുന്നുകൾ നിരപ്പാക്കി
ഭൂമിയാമെന്നമ്മയെ ക്രൂരമായ് പീഡിപ്പിച്ചു
കാലചക്രഭ്രമണ ശ്രുതിതാളങ്ങൾ മാറ്റി.

കാലയാനത്തിൻ ദിശാഭ്രംശവുംസൂര്യതാപ
കോപവുംഅതിവർഷക്കെടുതിയും വിഷുഫലം 
സർവ്വംസഹയാം ഭൂമി  മാനവർക്കിഷ്ടദാനമല്ലതു
സർവ്വ ചരാചരങ്ങൾക്കുമാവാസം

മനുഷ്യാമേടമാസ വിഷു സംക്രമനാളിൽ
നിനക്കു കണിയായുംകൈനീട്ടമായും സ്വന്തം
സ്വർണ്ണപൂങ്കുലകളെ പറിച്ചു  തന്നില്ലേ ഞാൻ
കവചകുണ്ഡലങ്ങളെ, കർണ്ണനെന്നതു പോലെ.
എന്നിട്ടും നിനക്കിത്ര ധാർഷ്ട്യമേറുവാനെന്തേ
മറന്നോ മണ്ണും വിണ്ണുമായ് നിനക്കുള്ള ബന്ധം?”

അടുത്ത വർഷം യഥാകാലം ഞാൻ പൂക്കാനായി
ഒരിറ്റുകാരുണ്യമീ പ്രകൃതിക്കേകൂ നിങ്ങൾ
ഇല്ലെങ്കിലിനി കണ്ണൻ, കർണ്ണികാരത്തെ മാറ്റി
ശീമക്കൊന്നപ്പൂക്കളാൽ കാണേണം വിഷുക്കണി!

മേടസംക്രമ മുഹൂർത്തത്തിനെത്രയോ മുമ്പേ
തിളങ്ങും ഹിരണ്മയസൂനഭൂഷകൾ ചാർത്തി
വധുവിൻ മുഗ്ദ്ധഭാവമണിയിച്ചൊരുക്കിയ
പ്രകൃതിവിസ്മരിച്ചെന്നോ കൊന്നയിൻ ജന്മോദ്ദേശം?

ഇലയും പൂവ്വും കൊഴിഞ്ഞഭിശപ്തയായ് നിൽപ്പൂ
ഗതകാല ഭാഗ്യത്തിൻ സ്മൃതിയിൽ കണിക്കൊന്ന
ഉണക്കം ബാധിച്ചൊരാ ചില്ലകളെല്ലാം തന്നെ
വിരൽ ചൂണ്ടുന്നൂ മർത്ത്യ കൗടില്യത്തിനു നേരേ.
കവരങ്ങളിലൊന്നിൽ വിഷുസംക്രമപ്പക്ഷി
ഇണയറ്റിരിക്കുന്നു  മൂകവിഷാദം പോലെ.







Wednesday, 8 April 2015

വിഷുക്കണി

ഉമ്മറക്കോലായിലെന്നച്ഛനുംമുത്തച്ഛനും
ഓർമ്മയായ് മരുവുന്ന ചാരുകസേരയിൽ ഞാൻ
പത്രവൃത്താന്തം വായിച്ചുടലും മനവും പൊള്ളി
അൽപ്പമാശ്വാസം തേടി  അലസം  ശയിക്കവേ
ഹരിതംതൊടിയിലെ തരുശാഖികൾ വീശും
താലവൃന്തത്തിൻ കുളിരേറ്റെൻ  മിഴിപ്പക്ഷികൾ
വെയിൽ നാളങ്ങൾ പൂക്കും മാമരച്ചില്ലയൊന്നിൽ
ചേക്കേറി, ഹർഷോന്മാദമാസ്വദിക്കുന്നൂ, സ്വച്ഛം.

കിഴക്കു, പടിപ്പുര മാളികയ്ക്കോരത്തായി
ജ്വലിക്കും ദീപസ്തംഭസമാനം കണിക്കൊന്ന
മേടമിങ്ങണഞ്ഞില്ലവിത്തിനും കൈക്കോട്ടിനും
വിഷുസംക്രമപ്പക്ഷി വായ്ക്കുരവയിട്ടില്ല
കണിവെള്ളരി കസവാടയുമണിഞ്ഞെത്തി
വെള്ളോടിൻ ഉരുളിയിൽ വിളങ്ങാറായിട്ടില്ല
അതിൻ മുമ്പെന്തേ കൊന്നആകവേ പൂത്തുലഞ്ഞു
പൊൻപ്രഭ വാരിത്തൂകി അണഞ്ഞൂ പ്രകൃതിയിൽ ?

മീന സൂര്യൻ ,തൻ അഗ്നിക്കൈകളാലാശ്ലേഷിച്ചു
താരും തളിരും നീക്കി പേക്കോലമാക്കും നിന്നെ
പീഡിതയാക്കപ്പെട്ടു,ഭീതിയോടവിരാമം,ദീനയായ്
കേഴും പാവമിളം പെൺകൊടിയേപ്പോൽ
വിഷുസംക്രമനാളിൽ നീയ്യാകും വിഷുക്കണി
തൽഫലംവർഷം നീളെയെനിക്കും വിഷക്കനി.
കാരണം ഞങ്ങൾതന്നെയെങ്കിലും,ചോദിക്കട്ടെ
സർവ്വംസഹേ നിൻ മാറ്റമിത്രക്കനിവാര്യമോ ?

കണ്ണനു കണി കാണാൻ കർണ്ണികാരപ്പൂ വേണം
കണ്ണനെ കണി കാണാനും കണിക്കൊന്നപ്പൂ വേണം
മാലോകർ ഞങ്ങൾ പക്ഷെതോൽക്കില്ല, വിഷുക്കണി
കൃത്രിമ കൊന്നപ്പൂവ്വാൽഓണപ്പൂക്കളം പോലെ
കേമമാക്കീടുംചൈനക്കിപ്പോഴേ കൈനീട്ടമായ്
ഓർഡർ നൽകീടും സിൽക്കിൻ കണിക്കൊന്നപൂവ്വിനും
പടക്ക, മോട്ടുരുളിവാൽക്കണ്ണാടിക്കുംസാക്ഷാൽ
കണ്ണനും, സദ്യക്കുള്ള  പ്ലാസ്റ്റിക് പൊന്നി അരിക്കും.

=======================================================

Friday, 13 March 2015

        ഒരു പേരു വേണം  
കല്യാണശേഷം മധുവിധു തീർന്നില്ല
വിധിയതിൻ മുമ്പെന്നെയച്ഛനാക്കി.
കല്യാണ രാത്രിയിൽ രണ്ടുപേരും
ചേർന്നെടുത്ത ശപഥം വൃഥാവിലായി.
നിദ്ര ത്യജിച്ചാദ്യരാത്രിയിലന്യോന്യം
എല്ലാം സമർപ്പിച്ച  യാമങ്ങളിൽ
കുഞ്ഞുങ്ങൾ നമ്മൾക്കു മൂന്നാലു വർഷം
കഴിഞ്ഞു മതിയെന്ന തീരുമാനം
കുഞ്ഞറിഞ്ഞില്ലവൻ കൃത്യമിരുന്നൂറ്റി
എൺപതാം നാൾ തന്നെ വന്നു ചേർന്നു.

എന്തിനി ചെയ്യുവാൻവന്നതു വന്നിനി
വേണ്ടപോൽ കാര്യങ്ങൾ ചെയ്ക തന്നെ.
പൂരം പിറന്ന പുരുഷനായെത്തിയ
മോനിനി നല്ലൊരു പേരു വേണം.
ട്രെൻഡി - യെന്നൊരു കൂട്ടർമറുകൂട്ടർ
നമ്മുടെ പാരമ്പര്യം കാത്തു വേണമെന്നും,
മോഡേണെന്നൊരു കൂട്ടർഅതു വേണ്ട
പേരർത്ഥസമ്പുഷ്ടമാകണമെന്നു മറ്റോർ
അടിപൊളിയാകണംകേട്ടാൽ നടുങ്ങണം
സംഖ്യാശാസ്ത്രം നോക്കിയിട്ടു വേണം..
ഇങ്ങനെയായിരം സൗജന്യ നിർദ്ദേശ -
ബാണങ്ങൾ നിർല്ലോഭം വന്നു ചേർന്നു.

ഉണ്ണിയെന്നിട്ടാലോപെൺകുട്ട്യോൾ 
പ്രണയാർദ്രം “ഉണ്ണ്യേട്ടാ യെന്നു വിളിച്ചു കൂടും
കണ്ണനെന്നാകിലോ ഗോപികമാർ രാസ-
ക്രീഡാവിവശരായ് ചൂഴ്ന്നു നിൽക്കും.
രാമനുംകുട്ടനും സംവരണപ്പേർകൾ
കാര്യസ്ഥനുംസാദാ പോലീസിനും
ഭാസ്ക്കരനെ നാട്ടാർ പാക്കരനാക്കിടും
ഗോപാലൻകോവാലനായി മാറും. 
ഗോപിഗോവിന്ദന്മാർ കാര്യപരാജയം
സൂചിപ്പിക്കുന്ന പദങ്ങളായി .
ശശിയായെന്നോതിയാൽ പ്ലിംഗ് ആയിയെന്നർത്ഥം
ഇളിഭ്യനുംമണ്ടനും പര്യായങ്ങൾ.

അഛന്റെ പേരിന്റെയാദ്യാക്ഷരംകൂടെ
അമ്മതൻ പേരിന്റെയന്ത്യാക്ഷരം
രണ്ടും തിരിച്ചും മറിച്ചുമിട്ടെന്നിട്ടും
മോനിണങ്ങുന്ന പേർ കിട്ടിയില്ല.
ആരെങ്കിലും ശ്രേഷ്ഠമലയാള ഭാഷയിൽ
മോനൊരു പേർ ചൊന്നനുഗ്രഹിക്ക!.


=========================================