വിഷുക്കണി
ഉമ്മറക്കോലായിലെന്നച്ഛനും, മുത്തച്ഛനും
ഓർമ്മയായ് മരുവുന്ന ചാരുകസേരയിൽ ഞാൻ
പത്രവൃത്താന്തം വായിച്ചുടലും മനവും പൊള്ളി
അൽപ്പമാശ്വാസം തേടി അലസം ശയിക്കവേ
ഹരിതം, തൊടിയിലെ തരുശാഖികൾ വീശും
താലവൃന്തത്തിൻ കുളിരേറ്റെൻ മിഴിപ്പക്ഷികൾ
വെയിൽ നാളങ്ങൾ പൂക്കും മാമരച്ചില്ലയൊന്നിൽ
ചേക്കേറി, ഹർഷോന്മാദമാസ്വദിക്കുന്നൂ, സ്വച്ഛം.
കിഴക്കു, പടിപ്പുര മാളികയ്ക്കോരത്തായി
ജ്വലിക്കും ദീപസ്തംഭസമാനം കണിക്കൊന്ന
മേടമിങ്ങണഞ്ഞില്ല, വിത്തിനും കൈക്കോട്ടിനും
വിഷുസംക്രമപ്പക്ഷി വായ്ക്കുരവയിട്ടില്ല
കണിവെള്ളരി കസവാടയുമണിഞ്ഞെത്തി
വെള്ളോടിൻ ഉരുളിയിൽ വിളങ്ങാറായിട്ടില്ല
അതിൻ മുമ്പെന്തേ കൊന്ന, ആകവേ പൂത്തുലഞ്ഞു
പൊൻപ്രഭ വാരിത്തൂകി അണഞ്ഞൂ പ്രകൃതിയിൽ ?
മീന സൂര്യൻ ,തൻ അഗ്നിക്കൈകളാലാശ്ലേഷിച്ചു
താരും തളിരും നീക്കി പേക്കോലമാക്കും നിന്നെ
പീഡിതയാക്കപ്പെട്ടു,ഭീതിയോടവിരാമം,ദീനയായ്
കേഴും പാവമിളം പെൺകൊടിയേപ്പോൽ
വിഷുസംക്രമനാളിൽ നീയ്യാകും വിഷുക്കണി
തൽഫലം, വർഷം നീളെയെനിക്കും വിഷക്കനി.
കാരണം ഞങ്ങൾതന്നെയെങ്കിലും,ചോദിക്കട്ടെ
സർവ്വംസഹേ നിൻ മാറ്റമിത്രക്കനിവാര്യമോ ?
കണ്ണനു കണി കാണാൻ കർണ്ണികാരപ്പൂ വേണം
കണ്ണനെ കണി കാണാനും കണിക്കൊന്നപ്പൂ വേണം
മാലോകർ ഞങ്ങൾ പക്ഷെ, തോൽക്കില്ല, വിഷുക്കണി
കൃത്രിമ കൊന്നപ്പൂവ്വാൽ, ഓണപ്പൂക്കളം പോലെ
കേമമാക്കീടും, ചൈനക്കിപ്പോഴേ കൈനീട്ടമായ്
ഓർഡർ നൽകീടും സിൽക്കിൻ കണിക്കൊന്നപൂവ്വിനും,
പടക്ക, മോട്ടുരുളി, വാൽക്കണ്ണാടിക്കും, സാക്ഷാൽ
കണ്ണനും, സദ്യക്കുള്ള പ്ലാസ്റ്റിക് പൊന്നി അരിക്കും.
=======================================================
No comments:
Post a Comment