ഒരു പേരു വേണം
കല്യാണശേഷം മധുവിധു തീർന്നില്ല
വിധിയതിൻ മുമ്പെന്നെയച്ഛനാക്കി.
കല്യാണ രാത്രിയിൽ രണ്ടുപേരും
ചേർന്നെടുത്ത ശപഥം വൃഥാവിലായി.
നിദ്ര ത്യജിച്ചാദ്യരാത്രിയിലന്യോന്യം
എല്ലാം സമർപ്പിച്ച യാമങ്ങളിൽ
കുഞ്ഞുങ്ങൾ നമ്മൾക്കു മൂന്നാലു വർഷം
കഴിഞ്ഞു മതിയെന്ന തീരുമാനം
കുഞ്ഞറിഞ്ഞില്ലവൻ കൃത്യമിരുന്നൂറ്റി
എൺപതാം നാൾ തന്നെ വന്നു ചേർന്നു.
എന്തിനി ചെയ്യുവാൻ, വന്നതു വന്നിനി
വേണ്ടപോൽ കാര്യങ്ങൾ ചെയ്ക തന്നെ.
പൂരം പിറന്ന പുരുഷനായെത്തിയ
മോനിനി നല്ലൊരു പേരു വേണം.
ട്രെൻഡി - യെന്നൊരു കൂട്ടർ, മറുകൂട്ടർ
നമ്മുടെ പാരമ്പര്യം കാത്തു വേണമെന്നും,
മോഡേണെന്നൊരു കൂട്ടർ, അതു വേണ്ട
പേരർത്ഥസമ്പുഷ്ടമാകണമെന്നു മറ്റോർ
അടിപൊളിയാകണം, കേട്ടാൽ നടുങ്ങണം
സംഖ്യാശാസ്ത്രം നോക്കിയിട്ടു വേണം..
ഇങ്ങനെയായിരം സൗജന്യ നിർദ്ദേശ -
ബാണങ്ങൾ നിർല്ലോഭം വന്നു ചേർന്നു.
ഉണ്ണിയെന്നിട്ടാലോ, പെൺകുട്ട്യോൾ
പ്രണയാർദ്രം “ഉണ്ണ്യേട്ടാ” യെന്നു വിളിച്ചു കൂടും
കണ്ണനെന്നാകിലോ ഗോപികമാർ രാസ-
ക്രീഡാവിവശരായ് ചൂഴ്ന്നു നിൽക്കും.
രാമനും, കുട്ടനും സംവരണപ്പേർകൾ
കാര്യസ്ഥനും, സാദാ പോലീസിനും
ഭാസ്ക്കരനെ നാട്ടാർ പാക്കരനാക്കിടും
ഗോപാലൻ, കോവാലനായി മാറും.
ഗോപി, ഗോവിന്ദന്മാർ കാര്യപരാജയം
സൂചിപ്പിക്കുന്ന പദങ്ങളായി .
ശശിയായെന്നോതിയാൽ പ്ലിംഗ് ആയിയെന്നർത്ഥം
ഇളിഭ്യനും, മണ്ടനും പര്യായങ്ങൾ.
അഛന്റെ പേരിന്റെയാദ്യാക്ഷരം, കൂടെ
അമ്മതൻ പേരിന്റെയന്ത്യാക്ഷരം
രണ്ടും തിരിച്ചും മറിച്ചുമിട്ടെന്നിട്ടും
മോനിണങ്ങുന്ന പേർ കിട്ടിയില്ല.
ആരെങ്കിലും ശ്രേഷ്ഠമലയാള ഭാഷയിൽ
മോനൊരു പേർ ചൊന്നനുഗ്രഹിക്ക!.
=========================================