നിന്നെയും കാത്ത്
ദൃശ്യചക്രവാളത്തിലഖിലം തിരഞ്ഞു ഞാൻ
എവിടെപ്പോയ് മറഞ്ഞെൻ പ്രണയക്കുയിലേ നീ
യൗവ്വനാരംഭത്തിലെൻ ഹൃദയക്കൂട്ടിൽ സ്വയം
വന്നു ബന്ധനസ്ഥയായ്ത്തീർന്ന ശാരികപ്പക്ഷീ
പിന്നെയെപ്പോഴോ നീയ്യാ ഹൃദയം സ്രവിപ്പിക്കും
സ്നേഹമാധുര്യം നുണയാതെങ്ങോ മറഞ്ഞു പോയ്.
അന്നു തൊട്ടിപ്പൊഴിന്നീ നിമിഷം വരേക്കുമെൻ
പഞ്ചേന്ദ്രിയങ്ങൾ സദാ ജാഗരൂകമായ് നിൽപ്പൂ.
നിൻ സ്ഥിതിയെന്താണെന്നും, എങ്ങിനെ,യെവിടെന്നും
അറിയാനായുള്ള മോഹം മനസ്സിൻ തീവ്രദാഹം.
ഉൽസവാഘോഷങ്ങളിൽ, ക്ഷേത്രത്തിൽ, വിവാഹത്തിൽ,
യാത്രയിൽ, ഷോപ്പിങ്ങ് മാളിൽ,ആൾ കൂടും സ്ഥലങ്ങളിൽ
എന്നുമെപ്പോഴും നിന്നെ തിരയും നേത്രങ്ങളിൽ
നിൻ നിഴൽ പോലും പിന്നെപ്പതിഞ്ഞില്ലിതേവരെ.
മന്ദ്രസംഗീതമാം നിൻ മൊഴികൾ ശ്രവിച്ചില്ല
സ്പർശന രോമാഞ്ചമെൻ തനുവിൽ നിറഞ്ഞില്ല
ഘ്രാണേന്ദ്രിയങ്ങൾ നിന്റെ സുഗന്ധം ശ്വസിച്ചില്ല
അധരാമൃതം നുണഞ്ഞാസ്വദിക്കാനായില്ല.
വീണ്ടുമാ, വൈഢൂര്യത്തിൻ വർണ്ണരശ്മിത്തിളക്കം
നിറയും നിൻ കൺകളിൽ നിർന്നിമേഷാക്ഷനായി ,
സ്വപ്നസൂനങ്ങൾ താനേ പ്രഫുല്ലമാകുന്നതും
പൗർണ്ണമിക്കുളിർനിലാവലിഞ്ഞു ചേരുന്നതും
മത്തമയൂഖം പീലി നീർത്തിയാടുന്നതും
പോൽ
വിസ്മയക്കാഴ്ച്ചകൾ കണ്ടിരിക്കാനൊരാഗ്രഹം.
സ്നേഹിക്കാമെല്ലാവർക്കുമാരേയുമെല്ലായ്പ്പോഴും
പ്രണയം സ്നേഹം പോലെയല്ലതു മനസ്സിലെ
മൃദുവികാരങ്ങൾക്കു പ്രാണവായുവെ നൽകി
തരളസ്വപ്നങ്ങൾക്കു മിഴിവേകുന്ന ദീപ്തി.
ഒന്നിനി കാണാൻ, ഒന്നു മിണ്ടുവാൻ, പരസ്പ്പരം
ആദ്യാനുരാഗത്തിന്റെ നൈർമ്മല്യം വീണ്ടും ചൂടാൻ
എന്നിനി, പിന്നേക്കെന്നു നീട്ടിവച്ചതൊക്കേയും
പറയാൻ, കൊതിപ്പിക്കാൻ, പിണങ്ങാൻ, നാണിക്കുവാൻ
ഇനിയും വരില്ലേ നീ മല്ലികാനികുഞ്ജത്തിൽ
രാഗനിർവൃതി പൂകാൻ,ജന്മസാഫല്ല്യം നേടാൻ.
No comments:
Post a Comment