Thursday, 26 July 2018



മീശ പിരിച്ച് പേടിപ്പിക്കരുത്... ആരും; ആരേയും.
ഒരിടത്തൊരിടത്ത്, പുരോഗമനവാദി, വർഗ്ഗീയതാവിരുദ്ധൻ, ബുദ്ധിജീവി, സാഹിത്യവിശാരദൻ,  ഇടതുപക്ഷചിന്തകൻ, സാംസ്കാരികനായകൻ തുടങ്ങി, അർത്ഥം പോലുമറിയാത്ത പദങ്ങളെല്ലാം  സ്വയം എടുത്തണിഞ്ഞും സഹചാരികളെ അണിയിച്ചും മേനി നടിക്കുന്ന ഒരു പരസ്പര സ്തുതിപാഠക സംഘം. അവരിൽ  പ്രശസ്തികാംക്ഷികളായ കുറേ കപട മതേതര പരിഷകൾ, കാലിക പ്രാധാന്യമുള്ള മറ്റെല്ലാ വാർത്തകളെയും തമസ്ക്കരിച്ച്, ഹരീഷ് എന്നൊരു കഥാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം മാത്രം  താങ്ങി നടക്കുന്നു.  മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും ആജ്ഞാനുവർത്തികളും തുടങ്ങി ഇടതുപക്ഷ പോഷകഘടകങ്ങളായി മാറിയ സാഹിത്യ കലാസാംസ്കാരിക സംഘടനകൾ വരെ കഥാഖ്യാനത്തിലൂടെ അപമാനിതരായ ഒരു സമൂഹത്തിന്റെ പ്രതിഷേധത്തിനെതിരെ ഒരുമിക്കുന്ന വിരോധാഭാസം. ഛിദ്രവാസനകളെ ഉദ്ദീപിപ്പിച്ച് കക്ഷിരാഷ്ട്രീയലാഭത്തിനായി പക്ഷം ചേരുന്ന ഗതികേട്. ആവിഷ്ക്കാര സ്വാതന്ത്ര്യമല്ല ആവിഷ്ക്കൃത തന്ത്രമാണിത്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ  ആകെ 3 ഖണ്ഡം മാത്രം പ്രസിദ്ധീകൃതമായപ്പോഴേക്കും  വായനക്കാ രുടെ, പ്രത്യേകിച്ച്  സ്ത്രീകളുടെ, ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കേണ്ടിവന്ന മീശ എന്ന നോവലിന്റെ കർത്താവാണ് ഹരീഷ്. സാഹിത്യ അക്കാഡമി പുരസ്ക്കാരം നേടിയ  ആളാണത്രെ ആ ദേഹം! വിവാദമായ സർഗ്ഗചേതനാവിലാസത്തിന്റെ സംക്ഷിപ്തം ഇതാണ്.
പെൺകുട്ടികൾ കുളിച്ച് സുന്ദരികളായി, ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായണിഞ്ഞ് ഏറ്റവും ഒരുങ്ങി അമ്പലത്തിൽ വരുന്നതിലൂടെ, തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവ്വമായി പ്രഖ്യാപിക്കുകയാണ്. മാസത്തിൽ; അമ്പലത്തിൽ വരാത്ത നാലോ അഞ്ചോ ദിവസം തങ്ങൾ അതിന് തയ്യാറല്ലെന്നും, പണ്ടേ കാര്യത്തിന്റെ ആശാന്മാരായ  അമ്പലത്തിലെ തിരുമേനിമാരെ  പ്രത്യേകിച്ച്, അറിയിക്കുകയാണവർ.   ---       എത്ര വികലഭാവന!
അമ്പലത്തിൽ പോകുന്ന പുരുഷന്മാരുടെ താൽപ്പര്യം എന്തെന്ന് നോവൽ വ്യക്തമാക്കുന്നില്ല. സ്ത്രീ ലൈംഗീകതക്കാണല്ലോ വിൽപ്പന മൂല്യം. സാമാന്യവൽക്കരണമാണ് ഇവിടെ പ്രശ്നം. കഥാസന്ദർഭാനുയോജ്യമായി,അപഥസഞ്ചാരിണികളായ ചില സ്ത്രീകൾ അമ്പലത്തിൽ വന്നത് പൂജാരിയെയോ മറ്റു പുരുഷന്മാരെയോ  വശീകരിക്കാനാണെന്ന് എഴുതിയിരുന്നെങ്കിൽ സ്വാതന്ത്ര്യം അംഗീകരിക്കപ്പെട്ടേനെ. ലൈംഗീകാഭിവാഞ്ഛ പ്രകടിപ്പിക്കാനാണ് എല്ലാ പെൺ കുട്ടികളും അമ്പലത്തിൽ വരുന്നതെന്നെഴുതുമ്പോൾ അർത്ഥം മാറി. സ്വാഭാവികമായ പ്രതിഷേധത്തിൽ ആ രചനാ വൈകൃതം പിൻവലിക്കേണ്ടിയും വന്നു. അതിനാണ്.............   
ആത്മാവിഷ്ക്കാരവും, ആവിഷ്ക്കാര സ്വാതന്ത്ര്യവും രണ്ടാണ്.  തന്റെ ആത്മാവിഷ്ക്കാര മായി  ഉരുത്തിരിയുന്നതെന്തും, സ്ഥലകാലബോധവും വീണ്ടുവിചാരവുമില്ലാതെ വെളിപ്പെടു ത്തുന്നതല്ല ആവിഷ്ക്കാര സ്വാതന്ത്ര്യം. സമൂഹത്തിലെ ഓരോ സ്പന്ദനങ്ങളോടും, അനു സ്പന്ദനങ്ങളോടും, പ്രതിസ്പന്ദനങ്ങളോടും യഥായോഗ്യം പ്രതികരിക്കേണ്ടത് എഴുത്തു കാരന്റെ കടമയാണ്.  അയാളും സമൂഹജീവിയാണ്. സമൂഹത്തിൽ നിലനിന്നു പോരേണ്ട അലിഖിതമായ വ്യവസ്തകളുണ്ട്. അത് പാലിക്കാൻ അയാളും ബാദ്ധ്യസ്ഥനാണ്. അതു കൊണ്ട് എന്തും എഴുതരുത്, എന്തും വിളിച്ചു പറയരുത്. അത് മറ്റുള്ളവരെ എങ്ങിനെ ബാധിക്കും എന്നു കൂടി ചിന്തിക്കണം. അതേ പ്രതിബദ്ധത മാദ്ധ്യമങ്ങൾക്കും ഉണ്ട്.
ലൈംഗികത അടക്കമുള്ള സ്ത്രീപുരുഷബന്ധങ്ങളെ അതിന്റെ ഊഷ്മളതയും വികാര തീവ്രതയും ഒട്ടും ചോരാതെ രസനിഷ്യന്ദിയായി ആവിഷ്ക്കരിച്ച എത്രയോ സർഗ്ഗധനരായ പ്രതിഭകൾക്ക് ജന്മം കൊടുത്തതാണ് മലയാളം. അവിടെത്തന്നെയാണ്  ജുഗുപ്സാവഹമായ   രചനകളും, അത് കൊണ്ടാടാൻ കുറേ കപടനാട്യക്കാരും. നോവൽ പിൻവലിച്ചിട്ടും മുടന്തൻ ന്യായങ്ങൾ വിളമ്പി അപഹാസ്യരാകാതെ, നോവലിസ്റ്റും വാരികയും ജനവികാരം ഉൾക്കൊണ്ട്, നിർവ്യാജഖേദ പ്രകടനം നടത്തി മാപ്പപേക്ഷിച്ച്, വിവാദപരാമർശങ്ങൾ  നോവലിൽ നിന്നു നീക്കം ചെയ്ത് പ്രസിദ്ധീകരണം തുടരുകയായിരുന്നു അഭികാമ്യം.

Wednesday, 13 June 2018



പുറത്ത്, മഴ തകർത്ത് പെയ്യുകയാണ്. രൗദ്രസംഗീതം പോലെ.  മാത്സര്യ ഭാവത്തോടെ പശ്ചാത്തലമൊരുക്കി തവളകളും ചിവീടുകളും. 
പ്രാരംഭമായി ഒരു കാറ്റു വീശിയപ്പൊഴെ വൈദ്യുതി വിടപറഞ്ഞു. ഇനി വന്നാൽ വന്നു. അത്ര തന്നെ. ഒരു മിന്നാമിനുങ്ങ് വെട്ടത്തിനു പോലും വഴി കൊടുക്കാതെ, മിഴി നിറയെ കനത്ത ഇരുട്ട്. ചെറു കുളിരായ് പെയ്തു തുടങ്ങിയ മഴ പതിയെ  കൊടുംതണുപ്പായി അസ്ഥികളിലേക്ക് അരിച്ചിറങ്ങുന്നു. നിനക്കാതെ, അറിയാതെ, രക്ഷപ്പെടാനാവാത്ത ഒരു പിടിയിലകപ്പെട്ടു പോയ പോലെ. ദിവസങ്ങൾക്കു മുമ്പ് നഗരത്തിലെ ഒരു ആശുപത്രിയിൽ വച്ചാണ്  സമാനമായ ഒരു തോന്നൽ  അനുഭവപ്പെട്ടത്.
നാസാരന്ധ്രങ്ങൾ മരവിപ്പിക്കുന്ന  രൂക്ഷതയില്ലെങ്കിലും, അണുനാശിനികളുടെ മിശ്രഗന്ധം ശീതീകരിച്ച ആശുപത്രി മുറിക്കുള്ളിൽ തളം കെട്ടി നിന്നിരുന്നു. അത് മനസ്സിനേയും ശരീരത്തേയും, കരിമ്പനടിച്ച ഈറൻ തോർത്തു പുതച്ച  പോലെ മടുപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്തു.
 അനുയോജ്യമായി ക്രമീകരിച്ച കിടക്കയിൽ ചാരി , ഓക്സിജൻ  മാസ്ക്കിലൂടെ  പോലും, സുഗമമായി ശ്വസിക്കാൻ ബദ്ധപ്പെടുന്ന രോഗാതുരയായ  ബന്ധു.  ക്രമാതീതമായി ഉയർന്നു താഴുന്ന  മാറിടം അവരുടെ ശ്വാസതടസ്സം നമ്മിലേക്കും സംക്രമിപ്പിക്കുന്നതു പോലെ. ശീതീകരണിയുടെ മുരൾച്ചയൊഴിച്ചാൽ അന്തരീക്ഷത്തിൽ ഘനീഭവിച്ച മൗനം..
ആശുപത്രി മുറികൾ അങ്ങിനെയാണ്. രോഗവും വേദനയും കൊണ്ട് ശരീരത്തിലും മനസ്സിലും പീഡനങ്ങൾ ഏറ്റു വാങ്ങുന്നവർക്ക് അതിൽ നിന്നൊക്കെ മോചനമേകുന്ന ചികിത്സകൾ നൽകി പരിപാലിക്കേണ്ടുന്ന സ്ഥലം  ജീവൻ തുടിക്കുന്നതും പ്രതീക്ഷാ നിർഭരവുമായിരിക്കണം. പക്ഷെ മൃത്യു വിന്റെ പതുങ്ങിപ്പതുങ്ങിയുള്ള  പാദധ്വനികളാണ് ഹൈടെക് സൂപ്പർ സ്പെഷ്യാലിറ്റി എന്നവകാശപ്പെടുന്ന ആശുപത്രി മുറികളിൽ പോലും, കാതിൽ മുഴങ്ങുന്നത്. രോഗിയേയും ബന്ധുക്കളേയും ഒരു പോലെ ഗ്രസിക്കുന്ന ഭയവും, അനിശ്ചിതത്വവും ആയിരിക്കാം കാരണം.
മരുന്നുമായിവന്ന രണ്ടു മാലാഖമാർ മൗനത്തിന്റെ അസ്വസ്ഥതക്ക് വിരാമ മായി. ഓക്സിജൻ മാസ്ക് അഴിച്ച് മരുന്നു കഴിക്കുമ്പോൾ പുഞ്ചിരിക്കാനും കുറച്ചു വാക്കുകളിൽ സംസാരിക്കാനും ശ്രമിച്ച ബന്ധുവിന്റെ രോഗാതുര തക്കും ആശ്വാസത്തിന്റെ പുതുജീവൻ. വിടർന്നു വരുന്ന ഓരോ പൂവിതളിലും നിന്ന് പ്രസരിക്കുന്ന ജീവന്റെ സുഗന്ധം.
കുറച്ചു കഴിഞ്ഞ്, നാളെ വരാമെന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ കണ്ണുകളിൽ ഒരു തിളക്കം മിന്നി മറഞ്ഞുവോ? കയ്യുയർത്തി കാണിച്ച ആംഗ്യം നമുക്കുള്ള യാത്രാനുവാദമായിരുന്നോ.....അതോ ഞാൻ പോകുന്നു എന്ന യാത്ര പറച്ചിലായിരുന്നോ?
പെട്ടെന്ന്, മേഘഗർജ്ജനമോ, തുറന്നടഞ്ഞ വാതിൽ ശബ്ദമോ? കണ്ണഞ്ചി പ്പിക്കുന്ന മിന്നലിന്റെ  നിമിഷാർദ്ധത്തിൽ,  മുറി നിറയെ  ഡോക്ട്ടർമാരും, നേഴ്സുമാരും. തിരക്കിട്ട ചലനങ്ങൾ, ധൃതിയിൽ സംസാരം,  കൃത്രിമ ശ്വാസോഛ്വാസം നൽകാനുള്ള ശ്രമം. പിന്നെ, തോർന്നു തുടങ്ങിയ മഴയുടെ ശ്രുതി ചേരാത്ത മർമ്മരം പോലെ നിരാശയുടെ സ്വരങ്ങൾ ....
വിഭ്രാന്തിയുടെ തലങ്ങളിൽ നിന്ന് മോചിതനാവുമ്പോൾ തിരിച്ചറിഞ്ഞു നിമിഷങ്ങൾക്കു മുമ്പ് കയ്യുയർത്തി  യാത്രാനുമതി നൽകുകയല്ല.... അവർ കൈ വീശി യാത്ര ചോദിക്കുകയായിരുന്നു. ജീവിച്ചിരിക്കുന്നവർക്ക് ഗ്രാഹ്യമല്ലാത്ത മറ്റൊരു ലോകത്തേക്ക്. തികച്ചും ശാന്തമായ,” തെന്നൽ പൂവിൽ നിന്നും സുഗന്ധം കവർന്നെടുത്ത് പോകും പോലെ” അത്ര മൃദുവായ, സൗമ്യമായ ഒരു യാത്ര.. അനേകം മനസ്സുകളിൽ കണ്ണീർ മഴ പെയ്യിച്ചും കൊണ്ട്....
________________