പുറത്ത്, മഴ തകർത്ത്
പെയ്യുകയാണ്. രൗദ്രസംഗീതം പോലെ. മാത്സര്യ ഭാവത്തോടെ
പശ്ചാത്തലമൊരുക്കി തവളകളും ചിവീടുകളും.
പ്രാരംഭമായി
ഒരു കാറ്റു വീശിയപ്പൊഴെ വൈദ്യുതി വിടപറഞ്ഞു. ഇനി വന്നാൽ വന്നു. അത്ര തന്നെ. ഒരു മിന്നാമിനുങ്ങ്
വെട്ടത്തിനു പോലും വഴി കൊടുക്കാതെ, മിഴി നിറയെ കനത്ത ഇരുട്ട്. ചെറു കുളിരായ് പെയ്തു
തുടങ്ങിയ മഴ പതിയെ കൊടുംതണുപ്പായി അസ്ഥികളിലേക്ക്
അരിച്ചിറങ്ങുന്നു. നിനക്കാതെ, അറിയാതെ, രക്ഷപ്പെടാനാവാത്ത ഒരു പിടിയിലകപ്പെട്ടു പോയ
പോലെ. ദിവസങ്ങൾക്കു മുമ്പ് നഗരത്തിലെ ഒരു ആശുപത്രിയിൽ വച്ചാണ് സമാനമായ ഒരു തോന്നൽ അനുഭവപ്പെട്ടത്.
നാസാരന്ധ്രങ്ങൾ
മരവിപ്പിക്കുന്ന രൂക്ഷതയില്ലെങ്കിലും,
അണുനാശിനികളുടെ മിശ്രഗന്ധം ശീതീകരിച്ച ആ ആശുപത്രി
മുറിക്കുള്ളിൽ തളം കെട്ടി നിന്നിരുന്നു. അത്
മനസ്സിനേയും ശരീരത്തേയും,
കരിമ്പനടിച്ച ഈറൻ തോർത്തു
പുതച്ച പോലെ
മടുപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്തു.
അനുയോജ്യമായി
ക്രമീകരിച്ച കിടക്കയിൽ ചാരി , ഓക്സിജൻ
മാസ്ക്കിലൂടെ
പോലും, സുഗമമായി ശ്വസിക്കാൻ
ബദ്ധപ്പെടുന്ന രോഗാതുരയായ ബന്ധു.
ക്രമാതീതമായി
ഉയർന്നു താഴുന്ന മാറിടം
അവരുടെ ശ്വാസതടസ്സം നമ്മിലേക്കും സംക്രമിപ്പിക്കുന്നതു പോലെ. ശീതീകരണിയുടെ മുരൾച്ചയൊഴിച്ചാൽ അന്തരീക്ഷത്തിൽ ഘനീഭവിച്ച മൗനം..
ആശുപത്രി
മുറികൾ അങ്ങിനെയാണ്. രോഗവും വേദനയും കൊണ്ട്
ശരീരത്തിലും മനസ്സിലും പീഡനങ്ങൾ ഏറ്റു
വാങ്ങുന്നവർക്ക് അതിൽ നിന്നൊക്കെ മോചനമേകുന്ന ചികിത്സകൾ നൽകി പരിപാലിക്കേണ്ടുന്ന
ആ സ്ഥലം ജീവൻ തുടിക്കുന്നതും പ്രതീക്ഷാ
നിർഭരവുമായിരിക്കണം. പക്ഷെ മൃത്യു വിന്റെ പതുങ്ങിപ്പതുങ്ങിയുള്ള പാദധ്വനികളാണ്
ഹൈടെക് സൂപ്പർ സ്പെഷ്യാലിറ്റി എന്നവകാശപ്പെടുന്ന
ആശുപത്രി മുറികളിൽ പോലും, കാതിൽ മുഴങ്ങുന്നത്.
രോഗിയേയും ബന്ധുക്കളേയും ഒരു പോലെ
ഗ്രസിക്കുന്ന ഭയവും, അനിശ്ചിതത്വവും ആയിരിക്കാം
കാരണം.
മരുന്നുമായിവന്ന
രണ്ടു മാലാഖമാർ മൗനത്തിന്റെ അസ്വസ്ഥതക്ക്
വിരാമ മായി. ഓക്സിജൻ മാസ്ക് അഴിച്ച്
മരുന്നു കഴിക്കുമ്പോൾ പുഞ്ചിരിക്കാനും കുറച്ചു വാക്കുകളിൽ സംസാരിക്കാനും
ശ്രമിച്ച ബന്ധുവിന്റെ രോഗാതുര തക്കും ആശ്വാസത്തിന്റെ പുതുജീവൻ. വിടർന്നു വരുന്ന
ഓരോ പൂവിതളിലും നിന്ന്
പ്രസരിക്കുന്ന ജീവന്റെ സുഗന്ധം.
കുറച്ചു
കഴിഞ്ഞ്, നാളെ വരാമെന്ന് യാത്ര
പറഞ്ഞിറങ്ങുമ്പോൾ ആ കണ്ണുകളിൽ
ഒരു തിളക്കം മിന്നി
മറഞ്ഞുവോ? കയ്യുയർത്തി കാണിച്ച ആംഗ്യം നമുക്കുള്ള യാത്രാനുവാദമായിരുന്നോ.....അതോ
ഞാൻ പോകുന്നു എന്ന
യാത്ര പറച്ചിലായിരുന്നോ?
പെട്ടെന്ന്,
മേഘഗർജ്ജനമോ, തുറന്നടഞ്ഞ വാതിൽ ശബ്ദമോ? കണ്ണഞ്ചി പ്പിക്കുന്ന മിന്നലിന്റെ നിമിഷാർദ്ധത്തിൽ, മുറി
നിറയെ ഡോക്ട്ടർമാരും,
നേഴ്സുമാരും. തിരക്കിട്ട ചലനങ്ങൾ, ധൃതിയിൽ
സംസാരം, കൃത്രിമ
ശ്വാസോഛ്വാസം നൽകാനുള്ള ശ്രമം. പിന്നെ,
തോർന്നു തുടങ്ങിയ മഴയുടെ ശ്രുതി ചേരാത്ത മർമ്മരം പോലെ നിരാശയുടെ സ്വരങ്ങൾ ....
വിഭ്രാന്തിയുടെ
തലങ്ങളിൽ നിന്ന് മോചിതനാവുമ്പോൾ തിരിച്ചറിഞ്ഞു
നിമിഷങ്ങൾക്കു മുമ്പ് കയ്യുയർത്തി യാത്രാനുമതി
നൽകുകയല്ല.... അവർ കൈ
വീശി യാത്ര ചോദിക്കുകയായിരുന്നു.
ജീവിച്ചിരിക്കുന്നവർക്ക് ഗ്രാഹ്യമല്ലാത്ത മറ്റൊരു ലോകത്തേക്ക്. തികച്ചും
ശാന്തമായ,” തെന്നൽ പൂവിൽ നിന്നും
സുഗന്ധം കവർന്നെടുത്ത് പോകും പോലെ” അത്ര
മൃദുവായ, സൗമ്യമായ ഒരു യാത്ര..
അനേകം മനസ്സുകളിൽ കണ്ണീർ മഴ
പെയ്യിച്ചും കൊണ്ട്....
________________
No comments:
Post a Comment