Wednesday, 24 January 2024

 

സായാഹ്നത്തിന്റെ സ്വർണ്ണത്തിളക്കം മങ്ങി, അരുണിമ കലർന്നു തുടങ്ങി. ഒരു പിടി കുങ്കുമവർണ്ണം പ്രകൃതിയിലേക്ക് വാരിയെറിഞ്ഞ് സൂര്യൻ വിട പറയുന്നു.  ആദ്യ സമാഗമവേളയിൽ വ്രീളാവിവശയായ പ്രണയിനിയുടെ കവിൾത്തടങ്ങളിലെ ശോണിമ പോലെ തുടുപ്പും, മിനുപ്പും പ്രകൃതിക്ക് മിഴിവേകി.  അഴിച്ചിട്ട ചികുരഭാരം ഇരുളിമയായി പടരുന്നു.

 

പാടവരമ്പത്ത് മേയാൻ കൊണ്ടുപോയിരുന്ന ഗൗരിപ്പശുവും പുറകേ നന്ദിനി ക്ടാവും പടി കയറി ഓടി വന്നു. തൊഴുത്തിൽ വലിയ അലുമിനിയം ചരുവത്തിൽ പിണ്ണാക്കും. തവിടും  കാടിയുമൊക്കെ ചേർത്ത് വച്ചിരിക്കുന്ന വെള്ളമാണ് ലക്ഷ്യം.  മേക്കാൻ കൊണ്ട് പോയ ചന്ദ്രേട്ടൻ വരുന്നേയുള്ളൂ.

                                                            

തൃപ്രയാർ തേവരുടെ നിയമവെടിയൊച്ച ഒരു ചെറു കമ്പനമായി കടന്നു പോയി.  തറവാട്ടിലെ കാർന്നോത്തിയുടെ ശബ്ദം ഉയർന്നു.

 

“തങ്കേ ... .ഭാന്വോ .. ത്രിസന്ധ്യക്ക് വെളക്ക് കൊളുത്താണ്ടെബടെ പോയ് കേടക്കുണു  ഇവറ്റോള് ?”

“ദാ വര ണു   മുത്തശ്യെ . കാലും മൊഹോം കഴുകാർന്നു.”

ഉടുമുണ്ടിന്റെ കോന്തലപൊക്കി മുഖം തുടച്ചു കൊണ്ട് വടക്കിനിയിൽ നിന്ന് ഭാനു വന്നു. പരിഹാസച്ചുവയോടെ മുത്തശ്ശിയുടെ ചോദ്യം :

“ന്ന് സന്ധ്യാമിറ്റം അടിച്ച് തളിച്ചാവോ  കെട്ടിലമ്മ?”

“ഉവ്വ്                                 തള്ളക്യെന്തിന്റെ  കേടാ’   ഭാനു പിറുപിറുത്തു.

“ന്താന്ന്?... ങ്ങും...”  ഒന്നിരുത്തി മൂളിയിട്ട് മുത്തശ്ശി തുടർന്നു..

“ന്നാ നി  ഉമ്മറത്ത് നെലവെളക്ക് കത്തിക്ക്യാ. ന്ന ട്ട് തൊളസിത്തറേലും രക്ഷസ്സിനും  തിരി വക്ക്യാ. നേരം ശ്ശി വൈകേക്ക്ണു .”

“ല്ല്യ  മുത്തശ്ശി , മാതപ്പണിക്കര്ടെ  വെടി കേട്ടിട്ടില്ല്യ.”

 

സാധാരണ ഗതിയിൽ മുഖമടച്ച്‌ ഒരാട്ടും ശകാരവുമാണ് കിട്ടേണ്ടത് .

“ഭാ.ഒരുമ്പെട്ടോളെ. തേവരടെ  നേം വെഡ്യാണോ  പണിക്കര്ടെ ആന പ്പടക്കാണോ നെനക്ക് വല്യേത് . മിണ്ടാണ്ടെ  പൊയ്ക്കോളുന്റെ മുമ്പെന്ന്.”

പക്ഷെ അന്ന് മുത്തശ്ശി മിണ്ടീല്ല.  കാർന്നോര് വരണ കണ്ടോണ്ടാവും.

 

തൃപ്രയാർ ക്ഷേത്രത്തിൽ പീരങ്കിയോ കതനയോ നെറച്ച് സന്ധ്യാ സൂചക മായ ഒരു വെടി ഉണ്ടാകും. നിയമവെടി എന്ന് അറിയപ്പെട്ടിരുന്ന അത് കേട്ടാണ് ഗ്രാമങ്ങളിൽ സന്ധ്യക്ക് വിളക്ക് തെളിയിക്കുക. അതിന്റെ ശബ്ദവീചികൾ അങ്ങ് കൊടുങ്ങല്ലൂർ കുരുംബക്കാവിൽ വരെ കേൾക്കുത്രേ.

 

ഗ്രാമത്തിൽ ചെറിയൊരു പലചരക്ക് കട നടത്തിയിരുന്ന മാധവപ്പണിക്കരും അതേ  സമയം ഒരു വലിയ ഓലപ്പടക്കം പൊട്ടിക്കും. ചുറ്റുപാടുള്ളവർ അത് കേട്ടും വിളക്ക് കത്തിക്കാറുണ്ട്.  നേം വെടി എന്നാണ്  ഗ്രാമ്യം.  

 

“ദീപം...ദീപം...” ഭാനു നിലവിളക്കുമായി വന്നു. ദീപം തൊഴുത് ഭസ്മക്കുട്ടയിൽ നിന്ന് ഭസ്മം എടുത്ത് കുറി തൊട്ട് കാർന്നോർ ചോദിച്ചു.

“എടുത്തു കുട്ട്യോളൊക്കെ. നാമം ജപിക്കാറായില്ലേ .”

 

.മാമ്പൂവിന്റെയും  പിച്ചകത്തിന്റെയും സമ്മിശ്രസുഗന്ധമായിരിക്കും  ബ്രഹ്മരക്ഷസ്സിനേയും ഭുവനേശ്വരിയേയും കുടിയിരുത്തിയ തറക്ക് ചുറ്റും. ഭാനു ചേ ച്ചിയുടെ കൂടെ  അവിടെ തിരി വെക്കുമ്പോൾ കാർന്നോർ വിളിച്ചു.

“വേഗിങ്ക്ട് പോന്നോളൂ. . വല്ല എഴജന്തുക്കളുണ്ടാവും . കാവില് നൂറും പാലും കൊടുക്കാറായിട്ട്ണ്ട്.”

ദീപങ്ങൾ തെളിയിച്ച് കഴിഞ്ഞാൽ കുട്ടികൾ നിർബന്ധമായും പൂമുഖത്ത് നിറഞ്ഞ് കത്തുന്ന നിലവിളക്കിനരികിൽ ചമ്രം പടിഞ്ഞിരുന്ന് രാമനാമം ജപിക്കണം.. കാർന്നോരടെ പതിവ് രാമായണം വായന തീരും വരെ.

 “രാമ രാമ രാമ രാമ

രാമ  രാമ പാഹിമാം

രാമ പാദം ചേരണേ

മുകുന്ദ  രാമാ പാഹിമാം.”

 

പണ്ട്, സന്ധ്യക്ക്, ഗ്രാമത്തിലെ  ഇടവഴിയിലൂടെ ഒന്ന് നടന്നാൽ ഇരു വശത്തെയും വീടുകളിൽ നിന്ന് സന്ധ്യാനാമം പല ശ്രുതി ലയ താളങ്ങളിൽ  കുളിരണിയിക്കും. സുഖദമായ ഒരനുഭവം. ഓർമ്മകൾക്ക് സൂര്യ ശോഭ ..

 

ഇന്ന് നൂറ്റാണ്ടുകളുടെ കാത്തിരുപ്പിന് ശേഷം അയോദ്ധ്യയിൽ നടന്ന ശ്രീരാമ വിഗ്രഹ പ്രാണപ്രതിഷ്ഠ  TV യിൽ കണ്ടപ്പോൾ  പഴയൊരു നല്ല കാലം മനസ്സിൽ ഇതൾ വിടർത്തുന്നു. ശ്രീ രാമ പ്രഭുവിന്റെ അനുഗ്രഹം ഏവർക്കും ലഭ്യമാവട്ടെ. ഇനിയും സന്ധ്യക്ക് നമ്മുടെ വീടുകളിൽ നിന്നും രാമമന്ത്രം ഭക്തി സാന്ദ്രമായി ഉണർന്നുയരട്ടെ.   ജയ് ശ്രീ റാം .

 

 

 

No comments:

Post a Comment